Sunday, January 30, 2011

ഭൂമിക്ക് ഒരു ചരമഗീതം

ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!
ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം.

മൃതിയുടെ കറുത്ത വിഷപുഷ്പം വിടര്‍ന്നതിന്‍-
നിഴലില്‍ നീ നാളെ മരവിക്കേ,
ഉയിരറ്റനിന്‍മുഖത്തശ്രു ബിന്ദുക്കളാല്‍
ഉദകം പകര്‍ന്നു വിലപിക്കാന്‍
ഇവിടെയവശേഷിക്കയില്ലാരു, മീ ഞാനും!
ഇതു നിനക്കായ് ഞാന്‍ കുറിച്ചീടുന്നു ;
ഇനിയും മരിക്കാത്ത ഭൂമി ! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!

പന്തിരുകുലം പെറ്റ പറയിക്കുമമ്മ നീ
എണ്ണിയാല്‍ തീരാത്ത,
തങ്ങളിലിണങ്ങാത്ത
സന്തതികളെ നൊന്തു പെറ്റു!
ഒന്നു മറ്റൊന്നിനെ കൊന്നു തിന്നുന്നത്
കണ്ണാലെ കണ്ടിട്ടുമൊരുവരും കാണാതെ
കണ്ണീരൊഴുക്കി നീ നിന്നൂ!
പിന്നെ, നിന്നെത്തന്നെയല്പാല്പമായ്‌ത്തിന്നുഃ
തിന്നവര്‍ തിമിര്‍ക്കവേ ഏതും വിലക്കാതെ
നിന്നു നീ സര്‍വംസഹയായ്!

ഹരിതമൃദുകഞ്ചുകം തെല്ലൊന്നു നീക്കി നീ-
യരുളിയ മുലപ്പാല്‍ കുടിച്ചു തെഴുത്തവര്‍-
ക്കൊരു ദാഹമുണ്ടായ് (ഒടുക്കത്തെ ദാഹം!)-
തിരുഹൃദയ രക്തം കുടിക്കാന്‍!
ഇഷ്ടവധുവാം നിന്നെ സൂര്യനണിയിച്ചൊരാ-
ചിത്രപടകഞ്ചുകം ചീന്തി
നിന്‍ നഗ്നമേനിയില്‍ നഖം താഴ്ത്തി മുറിവുകളില്‍-
നിന്നുതിരും ഉതിരമവര്‍മോന്തി
ആടിത്തിമര്‍ക്കും തിമിര്‍പ്പുകളിലെങ്ങെങ്ങു-
മാര്‍ത്തലക്കുന്നു മൃദുതാളം!

അറിയാതെ ജനനിയെപ്പരിണയിച്ചൊരു യവന-
തരുണന്റെ കഥയെത്ര പഴകീ
പുതിയ കഥയെഴുതുന്നു വസുധയുടെ മക്കളിവര്‍
വസുധയുടെ വസ്ത്രമുരിയുന്നു!
വിപണികളിലവ വിറ്റുമോന്തുന്നു, വിട നഖര-
മഴുമുനകള്‍ കേളി തുടരുന്നു!
കത്തുന്ന സൂര്യന്റെ കണ്ണുകളില്‍നിന്നഗ്നി
വര്‍ഷിച്ചു രോഷമുണരുന്നു!
ആടിമുകില്‍മാല കുടിനീര് തിരയുന്നു!

ആതിരകള്‍ കുളിരു തിരയുന്നു.
ആവണികളൊരു കുഞ്ഞുപൂവ് തിരയുന്നു!
ആറുകളൊഴുക്ക് തിരയുന്നു!
സര്‍ഗലയതാളങ്ങള്‍ തെറ്റുന്നു, ജീവരഥ-
ചക്രങ്ങള്‍ ചാലിലുറയുന്നു!
ബോധമാം നിറനിലാവൊരു തുള്ളിയെങ്കിലും
ചേതനയില്‍ ശേഷിക്കുവോളം
നിന്നില്‍ നിന്നുയിരാര്‍ന്നൊ-
രെന്നില്‍ നിന്നോര്‍മകള്‍ മാത്രം!

Friday, January 28, 2011

കാടെവിടെ മക്കളേ - അയ്യപ്പപ്പണിക്കര്‍

കാടെവിടെ മക്കളേ?
മേടെവിടെ മക്കളേ?
കാട്ടു പുല്ത്തകിടിയുടെ
വേരെവിടെ മക്കളേ?
കാട്ടുപൂഞ്ചോലയുടെ
കുളിരെവിടെ മക്കളേ!
കാറ്റുകള്‍ പുലര്‍ന്ന പൂ-
ങ്കാവെവിടെ മക്കളേ?
 കുട്ടിക്കരിംകുയില്‍
കൂവിത്തിമിര്‍ക്കുന്ന
കുട്ടനാടന്‍ പുഞ്ച
യെവിടെന്‍റെ മക്കളേ?


പച്ചപ്പനന്തത്ത
പാറിക്കളിക്കുന്ന
പ്ലാവുകള്‍ മാവുകളു-
മെവിടെന്‍റെ മക്കളേ?


പായല്‍ച്ചുരുള്‍ ചുറ്റി
ദാഹനീര്‍ തേടാത്ത
കായലും തോടുകളു-
മെവിടെന്‍റെ മക്കളേ?


ചാകരമഹോത്സവ-
പ്പെരുനാളിലലയടി-
ച്ചാര്‍ക്കുന്ന കടലോര-
മെവിടെന്‍റെ മക്കളേ?


കാര്‍ഷിക ഗവേഷണ -
ക്കശപിശയില്‍ വാടാത്ത
കാറ്റുവീഴാക്കേര-
തരുവെവിടെ മക്കളേ?


ഫാക്ടറിപ്പുകയുറ-
ഞ്ഞാസ്ത്മാ വലിക്കാത്തൊ
രോക്സിജന്‍ വീശുന്ന
നാടെവിടെ മക്കളേ?


ശാസ്ത്രഗതി കൈവിരല്‍-
ത്തുമ്പാല്‍ നയിക്കുന്ന
തീര്‍ത്ഥാടകര്‍ ചേര്‍ന്ന
നാടെവിടെ മക്കളേ?


പത്തിരിക്കറി കൂട്ടി
മണവാട്ടി നുണയുന്നൊ-
രൊപ്പനകള്‍ പാടുന്ന
നാടെവിടെ മക്കളേ?


മരവും മനുഷ്യരും
കിളിയും മൃഗങ്ങളും
ചെടിയും ചെടിക്കാത്ത
നാടെവിടെ മക്കളേ?


പൂത്തിരികള്‍ കത്തി വന-
ഗജരാജ മദഗന്ധ-
പൂരം പൊലിക്കുന്ന
നാടെവിടെ മക്കളേ?


അരുമകളെ, യടിമകളെ-
യാനകളെ, മാനുകളെ
അറുകൊലയറുക്കാത്ത
നാടെവിടെ മക്കളേ?